വ്യാജ പീഡനക്കേസ്.. രണ്ടു പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍.. മുഖ്യപ്രതി ഒളിവിൽതന്നെ..

പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡന കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. കേസില്‍ പ്രതികളായ ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരാണ് കൊച്ചിയില്‍ വച്ച് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ട സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മുഖ്യ പ്രതി പ്രവീണ്‍ കാനാടി ഇപ്പോഴും ഒളിവിലാണ്.

ക്ഷേത്രം തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുകയാണെന്നും, പ്രധാന പ്രതിയായ പ്രവീണ്‍ കാനാടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുത്ത് ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്താനും, ക്ഷേത്രം നടത്തുന്ന കാരുണ്യ പ്രവൃത്തികളെ തടയുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് തന്ത്രി ആരോപിച്ചു.

പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിന്റെ പൂര്‍ണ അധികാരം ഇപ്പോഴുള്ള തന്ത്രി ഉണ്ണി ദാമോദരനാണ്. ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കുന്നതിനും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് ഹണി ട്രാപ്പ് കേസ് കെട്ടിച്ചമച്ചതെന്ന് തന്ത്രി കുടുംബം പറഞ്ഞു. ക്ഷേത്രത്തിന് കീഴില്‍ ആരംഭിക്കാനിരിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍, കലാപീഠം തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടത്തുന്നതിനെയും സഹോദരന്മാര്‍ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച സിവില്‍ കേസുകള്‍ നിലവിലുണ്ട്. ക്ഷേത്രം പിടിച്ചടക്കുന്നതിനുവേണ്ടി നടത്തിയ വന്‍ ഗൂഢാലോചനയാണ് ഇപ്പോള്‍ പൊളിയുന്നതെന്നും തന്ത്രി കുടുംബം പറഞ്ഞു.

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി എ അരുണിനും എതിരെ ഉന്നയിച്ച പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് നേരത്തെ കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ സ്ത്രീകളടക്കം അഞ്ചുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹണി ട്രാപ്പില്‍ കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ബസനവാടി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു പൊലീസ് കേസെടുത്തത്.

Related Articles

Back to top button