പെരിമെനോപോസ്.. സ്ത്രീകൾ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് ലക്ഷണങ്ങൾ…
പെരിമെനോപോസ് എന്ന പേര് തന്നെ അതിന്റെ അർത്ഥത്തിലേക്കുള്ള സൂചനയാണ്. ആർത്തവ വിരാമത്തിലേക്കുള്ള സ്വാഭാവിക പരിവർത്തനത്തെ ശരീരം അടയാളപ്പെടുത്തുന്ന ‘ആർത്തവവിരാമ ലക്ഷണങ്ങൾ’ ആണ് പെരിമെനോപോസ് സൂചിപ്പിക്കുന്നത്. ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന ഘട്ടമാണ് പെരിമെനോപോസ്. സ്ത്രീയുടെ ശരീരം ഈസ്ട്രജന്റെ ഉത്പാദനം പതുക്കെ കുറയ്ക്കുകയും അതിന്റെ ഫലമായി ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി 40-കളിൽ ആരംഭിക്കുന്നു.
സാധാരണയായി സ്ത്രീകൾക്ക് 40 വയസ്സ് പിന്നിടുമ്പോൾ, അല്ലെങ്കിൽ 50-കളുടെ തുടക്കത്തിൽ ശരീരത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ , ഹോർമോണുകളുടെ മാറ്റം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. ഇത് ആർത്തവവിരാമം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലയളവായ പെരിമെനോപോസിന്റെ സൂചനകൾ ആണ്. ആർത്തവവിരാമം ആരംഭിച്ചാൽ പെരിമെനോപോസ് അവസാനിക്കുന്നു. തുടർച്ചയായി 12 മാസം ആർത്തവം ഇല്ലാതാകുമ്പോൾ ഇത് കാണപ്പെടുന്നുവെന്ന് ജേണൽ ഓഫ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പെരിമെനോപോസ് ശരീഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആർത്തവവിരാമത്തിന് വിധേയരാകുന്ന സ്ത്രീകളിൽ ഏകദേശം 39 ശതമാനം പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ, ഹോർമോൺ വ്യതിയാനങ്ങൾ, ഉപാപചയ നിരക്ക് കുറയൽ, പേശികളുടെ അളവ് കുറയൽ എന്നിവയുടെ ഫലമായി ആർത്തവവിരാമ സമയത്ത് സ്ത്രീകളിൽ ശരീരഭാരം വർദ്ധിക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് വർദ്ധിക്കുന്നു.