ആര്‍ത്തവവിരാമം 30കളിലും.. പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്…
സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമത്തിന് മുന്‍പ് സംഭവിക്കുന്ന സ്വാഭാവിക പരിവര്‍ത്തന ഘട്ടമാണ് പെരിമെനോപോസ് എന്നറിയപ്പെടുന്നത്.സാധാരണയായി സ്ത്രീകൾക്ക് 40 വയസ്സ് പിന്നിടുമ്പോൾ, അല്ലെങ്കിൽ 50-കളുടെ തുടക്കത്തിൽ ശരീരത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ , ഹോർമോണുകളുടെ മാറ്റം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. ഇത് ആർത്തവവിരാമം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലയളവായ പെരിമെനോപോസിന്റെ സൂചനകൾ ആണ്.30 കഴിഞ്ഞ സ്ത്രീകളിലും പെരിമെനോപോസ് ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നാണ് ഇപ്പോളുള്ള പഠനങ്ങൾ പറയുന്നത്.
എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഗവേഷകർ പറയുന്നു. ലക്ഷണങ്ങള്‍ തിരിച്ചഞ്ഞ് വൈദ്യസഹായം തേടുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. 30നും 35നുമിടയില്‍ പ്രായമായ 4,432 യുഎസ് വനിതകളില്‍ നടത്തിയ സര്‍വെയില്‍ പകുതിയോളം സ്ത്രീകളില്‍ ഏതാണ്ട് ഒരേ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അത് പെരിമെനോപോസ് ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ആര്‍ത്തവക്രമക്കേടുകള്‍ നേരത്തെയുള്ള പെരിമെനോപോസ് ലക്ഷണമാകാം. സൈക്കോളജിക്കല്‍ ലക്ഷണങ്ങളായ ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത കൂടാതെ മൂത്രാശയ പ്രശ്നങ്ങള്‍, ലൈംഗിക ശേഷിക്കുറവ്, യോനിയിലെ വരള്‍ച്ച തുടങ്ങിയവയാണ് പെരിമെനോപോസുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങള്‍. ഹോട്ട് ഫ്ളാഷുകളും രാത്രി അമിതമായി വിയര്‍ക്കുന്നതുമാണ് ആര്‍ത്തവവിരാമത്തിന്റെ പ്രധാനലക്ഷണങ്ങള്‍. എന്നാല്‍ പെരിമെനോപോസ് ഘട്ടത്തില്‍ വൈജ്ഞാനിക ലക്ഷണങ്ങളാണ് ആദ്യം പ്രകടമാവുക. പിന്നീടാണ് ശാരീരിക ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.