‘ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും’.. ജബല്‍പൂര്‍ അതിക്രമത്തെ ന്യായീകരിച്ച് പി.സി ജോര്‍ജ്…
ജബൽപൂരിൽ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം.
ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് എമ്പുരാൻ സിനിമയെ പരാമര്‍ശിച്ച് പി.സി ജോര്‍ജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ല. കേന്ദ്രസർക്കാർ പരിശോധിക്കണം. കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചത് കൊണ്ടാണ് വെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്.