ഇനി കോൺഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.. പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ കോണ്‍ഗ്രസിലേക്ക്…

പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സണും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജി വീണ്ടും കോണ്‍ഗ്രസിലേക്ക്. നിലവിലെ വൈസ് ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. നാളെ കെപിസിസി ആസ്ഥാനത്ത് ഷാജിക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കും.

തനിക്കൊപ്പം 150 വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഷാജി പറഞ്ഞു.2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതിരുന്നതോടെയാണ് കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന ഷാജി കോണ്‍ഗ്രസ് വിട്ട് വി ഫോര്‍ പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ചത്. തിരഞ്ഞെടുപ്പില്‍ വീറുറ്റ മത്സരമാണ് വി ഫോര്‍ പട്ടാമ്പി നടത്തിയത്. വി ഫോര്‍ പട്ടാമ്പി മത്സരിപ്പിച്ച ആറ് പേരും വിജയിച്ചിരുന്നു .യുഡിഎഫ് സ്വാധീനമുള്ള നഗരസഭയിൽ വി ഫോർ പട്ടാമ്പിയുടെ സഹായത്തോടെയായിരുന്നു സിപിഎം ഭരിച്ചിരുന്നത്.

2015ല്‍ നഗരസഭയില്‍ 28ല്‍ 19 സീറ്റിലും വിജയിച്ച് അധികാരത്തിലെത്തിയ യുഡിഎഫിന് 2020ല്‍ ഭരണം നഷ്ടപ്പെടാന്‍ വി ഫോര്‍ പട്ടാമ്പി കാരണമായി. മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന എല്‍ഡിഎഫിന് 11 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. വി ഫോര്‍ പട്ടാമ്പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണവും ലഭിച്ചു. തുടര്‍ന്നാണ് ഷാജി നഗരസഭാ വൈസ് ചെയര്‍മാനായത്. ഷാജി തിരിച്ചു വരുന്നതോടെ നഗരസഭയില്‍ വന്‍വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Related Articles

Back to top button