പടിയൂർ ഇരട്ടക്കൊലപാതകം….പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ….
പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തു സ്ഥിരീകരണം വരുത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ അന്വേഷണസംഘത്തിന് കേദാർനാഥിൽ എത്താൻ ആയിട്ടില്ല. അതേ സമയം, പ്രേംകുമാറിന്റെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.
മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.