തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരാതിയുമായി രോഗികൾ….
തിരുവനന്തപുരം: ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ സ്റ്റോക്കില്ലെന്ന പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്തെത്തിയ രോഗികൾക്ക് അടക്കം മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. വിലയേറിയ മരുന്നുകളിൽ ഭൂരിപക്ഷവും സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് വാങ്ങേണ്ടി വരുന്നുവെന്നാണ് ആക്ഷേപം. എന്നാൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴി (കെഎംഎസ്‌സി) വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളും ഹാർമസിയിൽ ലഭ്യമാകുന്നതായി അധിക്യതർ അറിയിച്ചു. കെഎംഎസ്‌സി വഴി സൗജന്യമായി നൽകുന്ന മരുന്നുകൾ മുഴുവൻ ഫാർമസിയിൽ ലഭ്യമാണെന്നും ഇവിടെയില്ലാത്ത മരുന്നുകൾ മാത്രമാണ് പുറത്തേക്ക് എഴുതി നൽകുന്നതെന്നും അധികൃതർ പറയുന്നു. എന്നാൽ ആശുപത്രി ഫാർമസിയിൽ ആഴ്ചകളായി പല മരുന്നുകളും ലഭിക്കുന്നില്ലെന്ന് ചികിത്സ തേടി എത്തുന്നവർ ആരോപിക്കുന്നു. അതീവ ഗുരുതര രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. മണിക്കൂറുകൾ വരി നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് ഡോക്ടർ കുറിച്ച മരുന്നുകളിൽ പലതും ഫാർമസിയിൽ ഇല്ലെന്ന് രോഗികൾ അറിയുന്നത്. പുറമേ നിന്ന് മരുന്ന് വാങ്ങാൻ ചെലവാക്കേണ്ടി വരുന്ന തുക സാധാരണക്കാരെ സംബന്ധിച്ച് വളരെ വലുതാണ്. ആരോഗ്യ വകുപ്പിന്‍റെ അനാസ്‌ഥ മൂലം ഫാർമസിയിലേക്കുള്ള മരുന്നുകൾ എത്തുന്നതിൽ വീഴ്ചയുണ്ടെന്ന് ആരോപണമുണ്ട്.