റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.. നാട്ടുകാർ പ്രതിഷേധത്തിൽ…
മലപ്പുറത്ത് റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ഏമങ്ങാട് കോന്തക്കുളവൻ അസ്‌കറാണ് (54) മരിച്ചത്. ഗതാഗത കുരുക്കിൽ ആംബുലൻസ് അകപ്പെട്ട് പോകുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഗതാഗത കുരുക്ക് രൂപപ്പെട്ടു. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അസ്‌കർ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് ആംബുലൻസിൽ വാണിയമ്പലം വഴി പോയത്.
റെയിൽവേ ഗേറ്റ് അടച്ചതോടെയാണ് ഗതാഗതക്കുരുക്കുണ്ടായതെന്ന് അസ്കറിന്റെ ബന്ധുക്കൾ പറഞ്ഞു. വണ്ടൂരിലെ ആശുപത്രിയിലെത്തിക്കാൻ പോകുമ്പോഴാണ് ആംബുലൻസ് ഗേറ്റിൽ കുടുങ്ങിയത്. ആംബുലൻസ് കുറച്ച് സമയം ഗേറ്റിൽ കിടന്ന ശേഷം പിന്നോട്ടെടുത്ത് മറ്റൊരു ക്ലിനിക്കിൽ എത്തിച്ചെങ്കിലും അസ്‌കറിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. വാണിയമ്പലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം പന്തംകൊളുത്തി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
വാണിയമ്പലത്ത് മേൽപ്പാലം ഇല്ലാത്തതിനാൽ ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്. പ്രതിവിധി ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ പൊലിയുമെന്ന് നാട്ടുകാർ പറഞ്ഞു. മേൽപ്പാലത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ പ്രതിഷേധിക്കുമെന്നും നാട്ടുകാർ അറിയിച്ചു.