നടന്നത് സൂര്യനെല്ലി കേസിനേക്കാൾ ക്രൂരം.. 5 തവണ കൂട്ട ബലാത്സംഗം.. മൊത്തം 58 പേർ പ്രതികൾ.. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു…
കായികതാരമായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ്കുമാർ. കേസിൽ 58 പ്രതികളാണ് ഉളളത്. ഇതുവരെ അറസ്റ്റിലായത് 43 പേരാണെന്നന്നും എസ് പി വ്യക്തമാക്കി. പ്രതികളിലൊരാൾ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇതോടെ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി.പെൺകുട്ടി അഞ്ച് തവണ കൂട്ട ബലാത്സംഗത്തിനു ഇരയായെന്നു കണ്ടെത്തി.ഇതുവരെ അറസ്റ്റിലായവരിൽ നാലുപേർ പ്രായപൂർത്തി ആകാത്തവരാണ്.
ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറൽ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെൺകുട്ടിയെ പലരും പീഡിപ്പിച്ചു.42 പേർ പ്രതികളായ സൂര്യനെല്ലി കേസിനേക്കാൾ ക്രൂരമായ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആറു പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.