സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് മാനസിക പീഡനം…ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ…
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി കുടുംബം ആരോപിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിയ്ക്കുന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്തോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൂന്ന് സഹപാഠികളെയും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെയും ചോദ്യം ചെയ്ത് മൊഴി ഇന്ന് രേഖപ്പെടുത്തും.
മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റൽ മുറിയിലും നിരന്തരം മൂവർ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയതും മൂവർ സംഘം എതിർത്തു. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം. ഫോൺ കോൾ രേഖകൾ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം നേരിടുന്ന മൂന്നു വിദ്യാർഥിനികളെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിലെ തുടർ നടപടി അറിയാൻ ഇന്ന് കോളേജിൽ എത്തി പോലീസ് സംഘം പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുക്കും. അമ്മുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.