പത്തനംതിട്ട പീഡനക്കേസ്….റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ…
പത്തനംതിട്ട : കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അടിയന്തര റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. 2019ൽ വിവാഹ വാഗ്ദാനം നൽകി കാമുകനായിരുന്നു പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ പകർത്തിയിരുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടർന്നു. ഇതിന് ശേഷം ഇയാൾ സുഹൃത്തുക്കൾക്കും പെൺകുട്ടിയെ കൈമാറിയതായാണ് വിവരം.
പ്രതികളിൽ മിക്കവരും 20നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്നും വിവരമുണ്ട്. പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കേസിൽ അഞ്ച് പേർ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി കായികതാരമായ പെൺകുട്ടി ക്ലാസിൽ നൽകിയ കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.