എഴുന്നേറ്റ് പോകാതിരിക്കാൻ 2കാലും തല്ലിയൊടിച്ചു, വലിച്ചിഴച്ച് തല ഭിത്തിയിലിടിപ്പിച്ചു’; 59കാരന്റെ നില ഗുരുതരം….
പത്തനംതിട്ട തട്ടയിൽ ഹോം നഴ്സിന്റെ മർദനത്തിൽ പരിക്കേറ്റ അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻ പിള്ളയുടെ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് വിവരം. സംഭവത്തിൽ കൊല്ലം സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സംശയം തോന്നിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരൻപിള്ള ചികിത്സയിൽ തുടരുകയാണ്. ആന്തരീക രക്തസ്രാവമടക്കം വയോധികന്റെ നില ഗുരുതരമാണ്. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തി. ദിവസങ്ങളോളം മർദ്ദനത്തിന് ഇരയായതിന്റെ തെളിവാണിതെന്ന് നാട്ടുകാർ പറയുന്നു.