ഇല്ലാത്ത വാനിനും ഫീസ് വാങ്ങി പത്തനംതിട്ട ഗവ.നഴ്‌സിങ് കോളേജ്…
2024-25 വര്‍ഷത്തെ ഫീസ് അടവിനായുള്ള നോട്ടീസില്‍ ഇല്ലാത്ത വാന്‍ ഫീസും അടയ്‌ക്കേണ്ട ഗതികേടിലാണ് പത്തനംതിട്ട ഗവ. നഴ്‌സിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍. വാന്‍ ഫീസായി 1740 രൂപയാണ് ജനറല്‍ കാറ്റഗറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ഫീസ് അടയ്ക്കല്‍ നോട്ടീസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ട്യൂഷന്‍ ഫീസ്- 17,370, ഇതര ഇന ഫീസ്-1,740 എന്നിങ്ങനെയായി മൊത്തം 20,850 രൂപയാണ് ഒരു വിദ്യാര്‍ഥി അടയ്ക്കേണ്ടത്.
ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത, എന്‍.ഐ.സി. അംഗീകാരം കിട്ടാത്ത പത്തനംതിട്ട നഴ്‌സിങ് കോളേജില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാലുമാസംമുന്‍പ് വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. അതില്‍ ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ച പ്രശ്‌നങ്ങളായിരുന്നു സൗകര്യങ്ങള്‍ ഉള്ള കോളേജ് കെട്ടിടവും വിദ്യാര്‍ഥികളുടെ യാത്രാസൗകര്യത്തിനായുള്ള വാഹനവും. എന്നാല്‍ പുതിയബാച്ച് വന്നിട്ടും ആവശ്യം ഒന്നുപോലും നിറവേറ്റിയിട്ടില്ല. വാനില്ലാത്തതിനാല്‍ സ്വന്തം കൈയില്‍നിന്നും പണം മുടക്കിയാണ് വിദ്യാര്‍ഥികള്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും മറ്റുമായി കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുന്നത്.
വാനിനായുള്ള ഫണ്ട് ധനവകുപ്പില്‍നിന്നു ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതേയുള്ളൂ എന്ന മറുപടിയാണ് അധികൃതരും നല്‍കുന്നത്. പണം ലഭിച്ചാലും നഴ്‌സിങ് കോളേജിനായി വാന്‍ ഓടിത്തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ അതിനിപ്പോഴെ വിദ്യാര്‍ഥികളില്‍നിന്നും വാനിന്റെ ഫീസ് വാങ്ങുന്നത് എന്തിനാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദിക്കുന്നു. കോളേജ് ആരംഭിച്ചകാലം മുതല്‍ വിദ്യാര്‍ഥികള്‍ വാഹന സൗകര്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതുവരെ വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.