‘പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണും….പിവി അൻവർ
നിലമ്പൂരിലെ സാഹചര്യം വിലയിരുത്താനുള്ള സി പി എം പ്രവര്‍ത്തക യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമര്‍ശിച്ചെന്ന വാർത്തയോട് പ്രതികരിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ രംഗത്ത്. ആര് എസ് എസ് – സി പി എം സഹകരണ വിവാദ പരാമര്‍ശത്തിൽ മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഗോവിന്ദനെ പരോക്ഷമായി ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു വാർത്ത.
പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നിയില്ലെന്നാണ് പി വി അൻവർ അഭിപ്രായപ്പെട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രമെന്നും അൻവർ കുറിച്ചിട്ടുണ്ട്.