ഒരുവശത്ത് പാർട്ടി നടപടി, മറുഭാഗത്ത് പിന്തുണയും… പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതോടെ നേതാക്കൾ…
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ കാണാൻ ജയിലിലേക്കെത്തി സിപിഎം നേതാക്കൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോ നേതാക്കളുമാണ് ജയിലിൽ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതിൽ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യൻപറഞ്ഞു. ബിനോയ് കുര്യനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥും ജയിലിലേക്ക് എത്തിയിട്ടുണ്ട്.
അവർക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യൻ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പികെ ശ്യാമള, സരള, എൻ സുകന്യ എന്നിവരും ദിവ്യയെ കാണാനെത്തിയിട്ടുണ്ട്. അതേസമയം, ജാമ്യം ലഭിച്ച ദിവ്യ ഇന്ന് ജയിൽ മോചിതയാവും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.