ഏക മകനെ അവസാനമായി ഒരു നോക്ക് കണ്ട് മാതാപിതാക്കൾ….ശ്രീദിപ് വത്സൻ ഇനി കണ്ണിരോർമ്മ…
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച ശ്രീദിപ് വത്സൻ ഇനി കണ്ണിരോർമ്മ. വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ശേഖരീപുരം ശ്രീവിഹാർ വീട്ടിൽ മൃതദേഹം എത്തിച്ചത്. ഏക മകനെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മയും അച്ഛനും എത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. സഹപാഠികളും ശ്രീദിപുമായി അടുത്ത ബന്ധമുള്ളവരും ഉൾപ്പെടെ അന്തിമോപചാരമർപ്പിക്കാനെത്തിയവരെല്ലാം വിങ്ങിപ്പൊട്ടി.
20 വയസ് വരെ വീടുമായി ഇടപഴകിയിരുന്ന ശ്രീദിപ് ആദ്യമായാണ് വീട് വിട്ട് ഹോസ്റ്റലിൽ എത്തിയത്. ഇന്നലെ രാത്രിയായിരുന്നു വീട്ടിലേക്കുള്ള അവസാന കോൾ. സംസ്ഥാന ഹർഡിൽസ് താരം കൂടിയായ ശ്രീദിപ് രണ്ടാം ശ്രമത്തിലാണ് മെറിറ്റിൽ വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. അരമണിക്കൂർ നീണ്ട വീട്ടിലെ പൊതുദർശനത്തിൽ ജനപ്രതിനിധികൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനു പേർ അന്തിമോപചാരം അ൪പ്പിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ചന്ദ്രനഗറിലെ വൈദ്യുത ശ്മാശനത്തിൽ മൃതദേഹമെത്തിച്ചു. സംസ്കാര ചടങ്ങുകൾ ചന്ദ്രനഗർ ശ്മശാനത്തിൽ പൂർത്തിയായി.