ആദ്യരാത്രിയിൽ വീട്ടിൽ നിന്നിറങ്ങിയ വരൻ തിരിച്ചെത്തിയില്ല; അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയത്….

വിവാഹം കഴിഞ്ഞ് രാത്രിയിൽ കാണാതായ വരനെ അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ ഹരിദ്വാറിൽ നിന്ന് കണ്ടെത്തി. നവവധു ആവശ്യപ്പെട്ട പ്രകാരം, പ്രകാശം കുറഞ്ഞ ബൾബ് വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു നവവരൻ. എന്നാൽ ഏറെ നേരമായിട്ടും യുവാവ് തിരിച്ചു വന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ചാം ദിവസമാണ് വരനെ കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ മൊഹ്സിൻ അഞ്ച് ദിവസം മുൻപാണ് വിവാഹിതനായത്. രാത്രി മുറിയിലാകെ കണ്ണിൽകുത്തുന്ന തരത്തിൽ പ്രകാശമുള്ള ലൈറ്റ് ആയിരുന്നതിനാൽ ഡിം ലൈറ്റ് വാങ്ങാൻ വധു ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ യുവാവ് പക്ഷേ ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. രാത്രി മുഴുവൻ വധുവും യുവാവിന്റെ കുടുംബവും കാത്തിരുന്നു. തിരിച്ചു വരാതിരുന്നതോടെ എല്ലായിടത്തും തിരച്ചിൽ തുടങ്ങി. ഗംഗാ തീരത്ത് ഒരു സി സി ടി വിയിൽ മൊഹ്സിന്റെ ദൃശ്യം പതിഞ്ഞതോടെ വെള്ളത്തിൽ തിരയാൻ പൊലീസ് മുങ്ങൽ വിദഗ്ധരെ വരുത്തി. അടുത്ത ദിവസം യുവാവിന്റെ രണ്ട് സഹോദരിമാരുടെയും വിവാഹം നടക്കാനിരിക്കുകയായിരുന്നു. രണ്ട് വിവാഹങ്ങളും സഹോദരന്റെ അസാന്നിധ്യത്തിലാണ് നടന്നത്. യുവാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാത്തതിനാൽ, സന്തോഷം നിറയേണ്ട നിമിഷങ്ങൾ കുടുംബത്തെ സംബന്ധിച്ച് ആശങ്കയ്ക്ക് വഴിമാറി.
തിങ്കളാഴ്ച യുവാവ് തന്നെയാണ് ഒരു ബന്ധുവിനെ വിളിച്ച് താൻ ഹരിദ്വാറിൽ ഉണ്ടെന്ന് പറഞ്ഞത്. കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം പൊലീസ് ഹരിദ്വാറിലെത്തി യുവാവിനെ തിരികെ കൊണ്ടുവന്നു. എന്തിനാണ് വീട് വിട്ടതെന്ന ചോദ്യത്തിന് തനിക്ക് പരിഭ്രാന്തി തോന്നിയെന്നും ബൾബ് വാങ്ങി വരാൻ ഭാര്യ പറഞ്ഞ അവസരം നോക്കി നാടുവിടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.



