ആഗോള അയ്യപ്പ സംഗമം: പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല..
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്തക്കുറിപ്പ്.
യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്തക്കുറിപ്പിൽ പറഞ്ഞു. വിശ്വാസം സംരക്ഷിച്ചുകൊണ്ട് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചിരുന്നു. തൃപ്പൂണിത്തുറ കോവിലകത്തെ മാളവികയാണ് മരിച്ചത്. സെപ്റ്റംബർ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും അന്തരിച്ചിരുന്നു. ഇവരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാലാണ് പന്തളം കൊട്ടാരം പ്രതിനിധികൾ അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വാർത്തക്കുറിപ്പിൽ അറിയിച്ചത്.