ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തന്‍മാര്‍ക്ക് എന്തു ഗുണം?

ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്നും യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും 2018ല്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പന്തളം കൊട്ടാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്താന്‍ പോകുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തന്‍മാര്‍ക്ക് എന്തു ഗുണം ആണ് ഉണ്ടാകുന്നത് എന്ന് വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകണം. 2018ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കും മേല്‍ സ്വീകരിച്ച നടപടികള്‍, പൊലീസ് കേസുകള്‍ എന്നിവ എത്രയും വേഗം പിന്‍വലിക്കണം. ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമേല്‍ 2018ല്‍ സ്വീകരിച്ചതുപോലെ ഉള്ള നടപടികള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം’

‘ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട് വിശ്വാസങ്ങള്‍ക്ക് ഒരു കോട്ടം വരാതെ സംരക്ഷിച്ചെങ്കില്‍ മാത്രമേ ഈ അയ്യപ്പസംഗമം കൊണ്ട് അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കൂ. യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരസംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഈ കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകും’- പന്തളം കൊട്ടാരം പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles

Back to top button