സിപിഐഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു….

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സിപിഐഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എളവളളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ജിയോ ഫോക്‌സിന് പാര്‍ട്ടി അംഗത്വം നല്‍കി. കഴിഞ്ഞ ദിവസമാണ് ഫോക്‌സിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഐഎം അറിയിച്ചത്. നേരത്തെ കോൺഗ്രസ് വിട്ട് പുറത്തുവന്ന ജിയോ ഫോക്‌സിനെ സിപിഐഎം ടിക്കറ്റിൽ മത്സരിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്.
മണലൂർ നിയമസഭാ സീറ്റ് വേണമെന്ന് ജിയോ ഫോക്‌സ് ആവശ്യപ്പെട്ടതോടെയാണ് സിപിഐഎമ്മുമായി പ്രശ്‌നങ്ങൾ ഉടലെടുത്തത്. തുടർന്ന് വീണ്ടും യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം ജിയോ ഫോക്‌സ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ജിയോ ഫോക്‌സിനെതിരെ നടപടി സ്വീകരിച്ചത്.



