പാലോട് രവിയുടെ വിവാദ ഫോൺസംഭാഷണം… കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് നൽകി….
തിരുവനന്തപുരം: തിരുവനന്തപുരം മുൻ ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തിൽ റിപ്പോർട്ട് സമർപ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെപിസിസി പ്രസിഡന്റിനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സദ്ദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷഷണമെന്ന് റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്. പാലോട് രവിയും നേതാക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.