ബിജെപി നേതാവ് കെ പത്മരാജന് വിധിച്ച ശിക്ഷ അപവാദം പ്രചരിപ്പിച്ചവരുടെ മുഖത്തേറ്റ അടി

പാലത്തായിയിൽ അദ്ധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചുള്ള കോടതിയുടെ ശിക്ഷാവിധി സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. സംഭവമുണ്ടായപ്പോൾ അതിനെ കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സിപിഎമ്മിനെതിരെ തിരിക്കാനാണ്‌ ശ്രമിച്ചതെന്ന് കെകെ രാഗേഷ് ആരോപിച്ചു. ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന്‌ പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചുവെന്നും കെകെ രാഗേഷ് ആരോപിച്ചു. ഒരു കൂട്ടർ കൊടുംക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരു കൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു.

ഇപ്പോള്‍ ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറയണം. നീതിപൂർവ്വവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയ്ക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിയ്ക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും കെ കെ രാഗഷേ്‌ പ്രസ്താവനയിൽ പറഞ്ഞു

Related Articles

Back to top button