ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടാൽ ഇക്കാര്യങ്ങൾ ചെയ്യുക.. നിർദേശവുമായി എസ്ബിഐ…
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI)ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് പുലർച്ചെ 1:10 നും 2:10 നും ഇടയിൽ താൽക്കാലിക തടസ്സം നേരിട്ടിരുന്നു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ ചില മാറ്റങ്ങൾ വരുന്നതിന്റെ ഭാഗമായാണിത്. സേവനങ്ങൾ തടസ്സപ്പെടുന്ന കാര്യം ബാങ്ക് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.
യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) , ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്, യോനോ , ഇന്റർനെറ്റ് ബാങ്കിങ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ , റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ സമയത്ത് തടസ്സപ്പെട്ടു.
ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ അത്യാവശ്യ പണമിടപാടുകൾക്കായി ഉപഭോക്താക്കൾ എടിഎം സേവനങ്ങളും യുപിഐ ലൈറ്റും ഉപയോഗിക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.
എന്താണ് യുപിഐ ലൈറ്റ്?
1,000 രൂപയിൽ താഴെയുള്ള ചെറിയ തുകയുടെ ഇടപാടുകൾ പിൻ ഇല്ലാതെയും അതിവേഗത്തിലും നടത്താനായി രൂപകൽപ്പന ചെയ്ത ഒരു പെയ്മെന്റ് സംവിധാനമാണ് യുപിഐ ലൈറ്റ്.
യുപിഐ ലൈറ്റിൽ ഒറ്റത്തവണ ഇടപാട് പരിധി 1,000 രൂപയാണ്. അക്കൗണ്ടിൽ ഒരു ദിവസം ലോഡ് ചെയ്യാവുന്ന പരമാവധി തുക 5,000 രൂപയാണ്. യുപിഐ ലൈറ്റ് വഴി നടത്തുന്ന ഇടപാടുകൾക്ക് പിൻ നമ്പർ ആവശ്യമില്ല. ഈ ഇടപാടുകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ രേഖപ്പെടുത്തില്ല. വാലറ്റിലേക്ക് പണം ലോഡ് ചെയ്യുന്ന തുക മാത്രമേ സ്റ്റേറ്റ്‌മെന്റിൽ കാണിക്കൂ.