വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി.. മരണം ഉറപ്പിച്ച് ശേഷം ബന്ധുക്കളെ വിവരമറിയിച്ചു…
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്. ദീക്ഷിതിനെതിരെ പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും കേസെടുത്തു. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറാണ് കേസന്വേഷണം നടത്തുക. നാല് വർഷത്തെ പ്രണയശേഷം ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി മരിച്ച സംഭവത്തിലാണ് കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വൈഷ്ണവി അവശനിലയിലെന്നു പറഞ്ഞ് പെരിന്തൽമണ്ണയിലെ പിതാവിനെ, ഭർത്താവ് ദീക്ഷിത് കാട്ടുകുളത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഉടൻ മാങ്ങോടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ്. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ഭർത്താവ് ദീക്ഷിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് സംഘം ദീക്ഷിതിൻ്റെ വീട്ടിൽ പരിശോധന നടത്തി. ഒന്നരവർഷം മുൻപായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിൻ്റെയും വിവാഹം.