പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം 15,000 കടക്കും… വോട്ടിന് നോട്ട് ബിജെപിയെ തകർക്കും… വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കവെ പാലക്കാട്ടെ വോട്ട് കോഴ വിവാദം യുഡിഎഫിന് വലിയ ഗുണമുണ്ടാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. അവസാന നിമിഷം ബിജെപിയുടെ തനിനിറം പാലക്കാട്ടെ വോട്ടർമാർ മനസ്സിലാക്കിയെന്നും ഉത്തരേന്ത്യൻ മോഡൽ പണം കൈമാറ്റമാണ് മണ്ഡലത്തിൽ ബിജെപി ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ഇതുവരെ പ്രതീക്ഷിച്ചത് 15,000 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാൽ വോട്ട് കോഴ വിവാദത്തിന് പിന്നാലെ ഭൂരിപക്ഷം ഇതിലും ഉയരുമെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് എതിരായ കേസുകളിൽ അന്വേഷണം മെല്ലെപ്പോക്കിലാണ്. ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ ബിജെപി പ്രതിഷേധിക്കാത്തതും ഇതിന്റെ ഭാഗമാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയരുന്നത് ശുഭസൂചനയാണ്. എസ്ഐആർ ശക്തമായതിനാൽ പോളിംഗ് ഇത്തവണ 80 ശതമാനം കടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ 10.30 ഓടെ തന്നെ പോളിംഗ് 20 ശതമാനം പിന്നിട്ടിരുന്നു.



