രണ്ടു ദിവസം മുൻപ് നടത്തിയ പരിശോധനകളിൽ കണ്ടെടുത്തത് 149490രൂപ..ഉടൻ വീണ്ടും റെയ്‌ഡുണ്ടാകില്ലെന്ന് കരുതി കൈക്കൂലി വാങ്ങി.. പെട്ടു!
ആർടിഒ ചെക്പോസ്റ്റുകളിൽ നടത്തിയ മിന്നൽ റെയ്ഡിന് പിന്നാലെ പാലക്കാട് ജില്ലയിലെ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ നൽകി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട്. രണ്ടു ദിവസമായി വിജിലൻസ് 26 പേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നീണ്ട രണ്ടാമത്തെ മിന്നൽ പരിശോധനയിൽ ഡ്രൈവർമാർ കൈക്കൂലിയായി നൽകിയ 177490 രൂപ പിടിച്ചെടുത്തിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങളിൽ നിന്ന് പാലക്കാട് ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ 121290/- രൂപയും, വാളയാർ ഔട്ട് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും 10500/- രൂപയും, ഗോപാലപുരത്ത് നിന്ന് 21,110/- രൂപയും, ഗോവിന്ദാപുരത്ത് നിന്ന് 10,550/- രൂപയും നടുപ്പുണി ചെക്ക് പോസ്റ്റിൽ നിന്നും 7840/- രൂപയുമാണ് ഇക്കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിൽ വിജിലൻസ് പിടിച്ചത്.
രണ്ടു ദിവസം മുൻപ് നടത്തിയ പരിശോധനകളിൽ 149490/-രൂപ കണ്ടെടുത്തിരുന്നു. വിജിലൻസ് ഉടനെ വീണ്ടുമെത്തില്ലെന്ന് കരുതിയാണ് ഉദ്യോഗസ്ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്. ഇത് പ്രതീക്ഷിച്ചെത്തിയ വിജിലൻസിൻ്റെ കണക്കുകൂട്ടൽ തെറ്റിയില്ല. തുടരന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. ചെക്ക്പോസ്റ്റുകളിൽ വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. എറണാകുളം മധ്യമേഖല പൊലീസ് സൂപ്രണ്ട് ശശിധരന്റെയും പാലക്കാട് യൂണിറ്റ് ഡിവൈഎസ്‌പി ഷംസുദീന്റെയും നേതൃത്വത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം വിജിലൻസ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.