ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്; പാലക്കാട് രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

പാലക്കാട് റെക്കോർഡ് താപനില. ഈവർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില.അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൊല്ലം, കോട്ടയം, പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കണമെന്നും ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും ആവശ്യമായ വിശ്രമം നൽകണമെന്നും നിർദ്ദേശമുണ്ട്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീപിടുത്തങ്ങൾക്കും കാട്ടുതീയ്ക്കും സാധ്യത കൂടുതലായതിനാൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.



