നിപ മരണം.. കർശന നിയന്ത്രണം.. രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ.. ആഴ്ചയിൽ 3 തവണ…

നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും കെഎസ്ആർടിസി ബസിലായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.

മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിപ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.

ജൂലൈ 12നാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതല യോഗം ചേര്‍ന്നു.

Related Articles

Back to top button