കാറിന് തീപിടിച്ച് പൊള്ളലേറ്റ അമ്മയും മക്കളും ഗുരുതരാവസ്ഥയിൽ…
പൊൽപ്പുളളിയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് പരിക്കേറ്റ ആറു വയസുകാരൻ ആൽഫ്രഡ്, മൂന്നു വയസുകാരി എമിൽ എന്നിവരെയും കുട്ടികളുടെ അമ്മ എൽസിയെയും കൊച്ചി മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബേൺ ഐസിയുവിൽ വിദഗ്ധ ചികിൽസയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മക്കളുമായി വീടിന് പുറത്തു പോകാൻ എൽസി കാർ സ്റ്റാർട്ട് ചെയ്ത ഉടൻ തീപിടിക്കുകയായിരുന്നു. എൽസിയുടെ മൂത്തമകൾ പത്തു വയസുകാരി അലീനയ്ക്കും, എൽസിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവർ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.