ആവേശക്കൊടുമുടിയിൽ പാലക്കാട് വീഥികൾ… റോഡ് ഷോ അൽപ്പസമയത്തിനകം..
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ ആവേശക്കൊടുമുടിയിലാണ് മൂന്ന് മുന്നളികളും. കൊട്ടിക്കലാശത്തിന് എത്തിയിരിക്കുന്ന വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തി ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും കൊട്ടിക്കലാശം അല്‍പ്പസമയത്തിനകം പാലക്കാട് നടക്കും. പാലക്കാട് വീഥികള്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ വർണാഭമായിരിക്കുകയാണ്. 20ന് ജനം വിധിയെഴുതുന്ന ത്രികോണപ്പോരിൽ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍.
മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ അല്‍പ്പസമയത്തിനകം ആരംഭിക്കും. റോഡ് ഷോയ്ക്ക് പിന്നാലെയായിരിക്കം പാലക്കാട് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം നടക്കുക. യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഒലവക്കോട് നിന്നായിരിക്കും ആരംഭിക്കുക. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങും.
റോഡ്ഷോയ്ക്ക് പിന്നാലെ എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. കൊട്ടിക്കലാശത്തിനായി മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാര്‍ പാലക്കാട് സ്റ്റേഡിയം പരിസരം നിറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടുകളും പതാകയുമായാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉമ്മൻചാണ്ടിയുടെ ഫോട്ടോ അടക്കം ഉയര്‍ത്തിപിടിച്ചാണ് ഒത്തുചേര്‍ന്നിരിക്കുന്നത്.
സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. അതേസമയം, യുഡിഎഫിനെ കടപുഴക്കി കടലിൽ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരൻ ഞങ്ങൾക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്ന് കൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
വിവാദങ്ങൾക്കും, പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശം വരെ ഒട്ടേറെ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പിന്നാലൊണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം സമാപനത്തിലേക്ക് നീങ്ങുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക.