രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ്ഷോയ്ക്കിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു….

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉജ്ജ്വല വിജയത്തിനുശേഷം പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തില്‍, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യര്‍, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പിസി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവര്‍ത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പിസി വിഷ്ണുനാഥിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കള്‍ അറിയിച്ചു. റോഡ് ഷോയ്ക്കിടെ ഇലുമിനാറ്റി പാട്ട് ഉള്‍പ്പെടെ പിസി വിഷ്ണുനാഥ് പാടിയിരുന്നു. പാട്ടുപാടി പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലിന്‍റെ വിജയം ആഘോഷിക്കുമ്പോഴായിരുന്നു സംഭവം.

Related Articles

Back to top button