സ്ത്രീ തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം…10 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം…

പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി അപകടം. അപകടത്തിൽ 10 സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയിൽ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടയൊണ് ദാരുണമായ അപകടമുണ്ടായത്. പ്രദേശത്തെ വീടിന്‍റെ വാര്‍പ്പ് ജോലി കഴിഞ്ഞ് വാഹനം കാത്തു നിൽക്കുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് റോഡിലൂടെ പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ഏഴുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്കും മാറ്റി. തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകള്‍ എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അച്ഛനും മകളുമായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്.

വാര്‍പ്പ് പണി കഴിഞ്ഞ് റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്നു സ്ത്രീകള്‍. റോഡരികിൽ ഇരിക്കുകയായിരുന്നു ഇവരെന്നും ഇവരുടെ കാലിലൂടെ ഉള്‍പ്പെടെ കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സുമായി സ്ഥലത്ത്  എത്തിയപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്നവരെയാണ് കണ്ടതെന്നും മൂന്നുപേര്‍ക്കാണ് ഗുരുതര പരിക്കേറ്റതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.

Related Articles

Back to top button