ഇന്ത്യക്കാരിയായ അമ്മയില്ലാതെ പാക് ബാലിക മടങ്ങി.. ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി…

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അമ്മയെ നഷ്ടമാകുന്ന പതിനൊന്നുകാരി മുതല്‍ ഭീകരാക്രമണത്തെ അപലപിക്കുന്ന പാകിസ്താനികൾ വരെ ഈ കൂട്ടത്തിലുണ്ട്.പാകിസ്താന്‍ പൗരയായ പതിനൊന്നുകാരി സൈനബ് അമ്മയെ ഇന്ത്യയില്‍ വിട്ടാണ് പാകിസ്താനിലേക്ക് മടങ്ങിയത്.

അമ്മയെ വിട്ടു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്റെ ഹൃദയം തകരുകയാണെന്നുമാണ് സൈനബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയെ ഇന്ത്യയില്‍ വിട്ട് പാകിസ്താനിലേക്ക് മടങ്ങേണ്ടി ഒട്ടേറെ പേര്‍ വേറെയുമുണ്ട്.തന്നെപ്പോലുള്ള നിരപരാധികളായ പാക് പൗരന്മാരുടെ ദുരവസ്ഥയെ കുറിച്ച് ഗുര്‍ബാക്‌സ് സിങ്ങും ദുഃഖം പങ്കുവച്ചു. ‘എന്റെ കസിന്‍സുള്‍പ്പെടെയുള്ള പകുതി കുടുംബാംഗങ്ങളും താമസിക്കുന്നത് ഇന്ത്യയിലാണ്. പഹല്‍ഗാമില്‍ നടന്നത് തീര്‍ത്തും അപലപനീയമാണ്. തീവ്രവാദികള്‍ മനുഷ്യത്വത്തെയാണ് കൊന്നത്. എന്നാല്‍ ആരാണ് ഈ ഭാരം വഹിക്കേണ്ടതെന്ന് നോക്കൂ. ചികിത്സാര്‍ത്ഥം ഇന്ത്യയിലെത്തിയ അനേകം പാകിസ്താനികളുണ്ട്. അവരെല്ലാം തിരിച്ചു പോകാനുള്ള തിരക്കിലാണ്’, എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button