ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ.. പാകിസ്താനില്‍ തിരക്കിട്ട നീക്കങ്ങള്‍.. അടിയന്തര യോഗം വിളിച്ച് ഷഹബാസ് ഷെരീഫ്…
ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റി യോഗം വിളിച്ചു. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട ആര്‍മി ക്യാമ്പുകളും എയര്‍ ബേസുകളും ഇന്നലെ രാത്രി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിരന്തരം കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ആണവായുധ ഭീഷണിയും മുഴക്കുന്നത്.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ആണുവായുധ അധികാര സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെയാണിത്. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക. അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ രംഗത്ത് വരികയായിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.