നിർണായക നീക്കവുമായി പാകിസ്ഥാൻ.. അമേരിക്കയോട് 100 ദശലക്ഷം ഡോളർ വായ്‌പ തേടി…

100 ദശലക്ഷം ഡോളറിൻ്റെ വായ്പാ അപേക്ഷയുമായി പാകിസ്ഥാൻ അമേരിക്കയെ സമീപിച്ചു. ബലൂചിസ്ഥാനിൽ ഖനി വികസിപ്പിക്കാനാണ് പണം ആവശ്യപ്പെട്ടത്.അമേരിക്കയിലെ എക്സ്പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്കിലാണ് അപേക്ഷ സമർപ്പിച്ചത്. ചെമ്പ്-സ്വർണ്ണ ഖനിയിൽ സംസ്‌കരണ പ്ലാൻ്റും സംഭരണത്തിനുള്ള സൗകര്യവും വൈദ്യുതി ഉൽപ്പാദനവും ഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ശ്രമം. പണത്തിന് പുറമെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ മാനേജ്മെന്റ് സേവനങ്ങൾ, മൈനിംഗ് ട്രക്കുകൾ, ഫീഡറുകൾ, ഗ്രൈൻഡറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും പാകിസ്ഥാൻ അമേരിക്കയോട് ചോദിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച വാർത്തയോട് പ്രതികരിച്ച മുൻ യുഎസ് ട്രഷറി സെക്രട്ടറി ഇവാൻ എ. ഫെയ്ഗൻബോം ചൈനയുടെ അനുഭവം ചൂണ്ടിക്കാട്ടി അപേക്ഷയെ പരിഹസിച്ചു. ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യിൽ ചൈന പാഴാക്കി കളഞ്ഞ അത്രയും പണം ഇനി അമേരിക്കയ്ക്കും പാകിസ്ഥാന് വേണ്ടി നഷ്ടപ്പെടുത്താൻ ശ്രമിക്കാമെന്നായിരുന്നു പരിഹാസം. അമേരിക്കയിൽ നിന്ന് പാകിസ്ഥാൻ ക്രൂഡ് ഓയിൽ വാങ്ങാൻ തീരുമാനിച്ചത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കിയിരുന്നു. ഇത് പ്രകാരം അമേരിക്കയിൽ നിന്നുള്ള ആദ്യ ക്രൂഡ് ഓയിൽ ഷിപ്മെൻ്റ് ഈ വർഷാവസാനം പാകിസ്ഥാനിലെത്തുമെന്നാണ് ഡോണാൾഡ് ട്രംപ് അറിയിച്ചത്.
ഇതിന് പിന്നാലെ പാകിസ്ഥാനിൽ എണ്ണ ശേഖരം വർധിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഭാവിയിൽ ഇന്ത്യ പാകിസ്ഥാനിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ പാകിസ്ഥാനിൽ കണ്ടെത്തിയ അസംസ്‌കൃത എണ്ണ ശേഖരം 234 മുതൽ 353 ദശലക്ഷം ബാരൽ വരെയാണ്. ഇന്ത്യ ഇപ്പോൾ തന്നെ 4.8 ബില്യൺ ബാരൽ മുതൽ അഞ്ച് ബില്യൺ ബാരൽ വരെ ക്രൂഡ് ഓയിൽ കൈയ്യിൽ വെച്ചിട്ടുണ്ട്. എണ്ണ ശേഖരത്തിൻ്റെ ആഗോള റാങ്കിങിൽ പാകിസ്ഥാൻ 50 നും 55 നും ഇടയിലാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം 20 നോടടുത്താണ്.