ഇന്ത്യയുടെ വ്യോമാക്രമണം… തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ റൺവേ അടച്ചിടൽ നീട്ടി…

ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. റഹിം യാർ ഖാൻ വ്യോമതാവളത്തിലെ ആകെയുള്ള റൺവേയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നത്. ഇന്ത്യൻ സായുധ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ റഹിം യാർ ഖാൻ വ്യോമതാവളത്തിന്റെ റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണു വ്യോമതാവളം ജൂൺ 6 വരെ അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത്, രാജസ്ഥാൻ അതിർത്തിയ്ക്കു സമീപമാണ് റഹിം യാർ ഖാൻ വ്യോമതാവളം. വ്യോമാക്രമണം നടന്ന ദിവസം, പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി റൺവേ മേയ് 18 വരെ ലഭ്യമാകില്ലെന്ന് പാക്ക് വ്യോമസേനയ്ക്ക് അറിയിപ്പ് നൽകിയിരുന്നു. നിസാര അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഇത്തരം അറിയിപ്പുകൾ അതോറിറ്റി നൽകാറുണ്ട്. എന്നാൽ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ റൺവേയിൽ ആഴമേറിയ ഗർത്തം തന്നെ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടത്.

പാക്കിസ്ഥാൻ വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിന്റെയും ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും ഫോർവേഡ് ഓപ്പറേഷനൽ ബേസാണ് ഇവിടം. വ്യോമാക്രമണത്തിൽ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 3,000 മീറ്റർ ആണ് വ്യോമതാവളത്തിലെ റൺവേയുടെ നീളം.

Related Articles

Back to top button