പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വിലക്ക്.. ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു…

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നടപടി. ‘ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് മൂലം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ല’ എന്ന കുറിപ്പ് മാത്രമാണ് പാക് പ്രധാനമന്ത്രിയുടെ ചാനൽ സന്ദര്‍ശിക്കുമ്പോൾ ലഭിക്കുന്നത്.പാകിസ്താൻ ധനമന്ത്രി ഖവാജ ആസിഫിന്റെ ചാനലും, പാക് സൈന്യത്തിന്റെ പ്രചാരണ വിഭാഗമായ ഐഎസ്പിആറിന്റെ ചാനൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലോക്ക് ചെയ്തിരുന്നു. നിരവധി പാക് മാധ്യമസ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും യൂടൂബ് ചാനലുകൾ ഇങ്ങനെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി, മറിയം നവാസ്, ബിലാവൽ ഭൂട്ടോ എന്നിവരുൾപ്പെടെ നിരവധി പാക് നേതാക്കളുടെയും മന്ത്രിമാരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ പാക് ഗായകൻ ആതിഫ് അസ്ലമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി.നേരത്തെ, നിരവധി ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പാകിസ്താൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരുന്നു. ബാബർ അസം, മുഹമ്മദ് ആമിർ, നസീം ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, ഇമാം ഉൾ ഹഖ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.

പാകിസ്താനിലെ 16 പ്രധാന യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം പങ്കുവച്ചിരുന്നു.

Related Articles

Back to top button