യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…തിരുവനന്തപുരം- കോഴിക്കോട് ജനശദാബ്ദി 2 മണിക്കൂർ 50 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ…

തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 30 ന് രാവിലെ 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകിയോടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 2 മണിക്കൂർ 50 മിനിറ്റ് വൈകിയോടുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ഇതു പ്രകാരം 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 08.45 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. യാത്രക്കാർക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്നലെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ റെയിൽവേ ട്രാക്കുകളിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കുള്ള പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം രാത്രിയോടെയാണ് പുനസ്ഥാപിച്ചത്. കഴക്കൂട്ടം , കടയ്ക്കാവൂർ , കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. മലബാർ , മാവേലി , ഇൻ്റർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുകയാണ്. 

ഇതിനിടെ,  കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. പരശുറാം എക്സ്പ്രസിലെത്തിയ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ പ്രതിഷേധം നടത്തിയത്. യാത്രക്കാർക്ക് ബസ് ഏർപ്പാട് ചെയ്ത് കൊടുക്കാത്തതിനാണ് യാത്രക്കാർ കൂട്ടം കൂടി പ്രതിഷേധിച്ചത്. 

Related Articles

Back to top button