200 കുതിരകൾ സ്പീഡിൽ താഴേക്ക് വന്നു.. കുട്ടികളും മുതിർന്നവരും കരഞ്ഞുകൊണ്ട് ഓടി.. തലനാരിഴയ്ക്ക് രക്ഷ.. നടുക്കുന്ന അനുഭവം പങ്കുവെച്ച് മലയാളികൾ…..
പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് നിരവധി വിനോദസഞ്ചാരികൾ ശ്രീനഗറിൽ കുടുങ്ങി. കേരളത്തിൽ നിന്ന് യാത്ര പോയവരിൽ പലരും യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണ് .മുക്കത്തുനിന്ന് യാത്രപോയ 51 അംഗസംഘം ശ്രീനഗറിൽ തുടരുകയാണ്. കശ്മീരിലേക്ക് യാത്രപോയ സംഘത്തിലെ മുക്കം സ്വദേശി ഹക്കിം മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവച്ചത് ഞെട്ടലോടെയാണ്.ഇന്ന് ആറുമണിക്ക് ശേഷമായിരുന്നു അങ്ങോട്ടുള്ള ഷെഡ്യൂളെന്നും ഇന്നലെ വിവരമറിഞ്ഞതോടെ പഹൽഗാമിലേക്കുള്ള യാത്ര റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പൊലീസ് ഓഫിസർ റസാഖും സംഘത്തിലുണ്ടായിരുന്നു.
പഹൽഗാമിലെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വിവരങ്ങൾ അറിഞ്ഞതെന്ന് കണ്ണൂർ സ്വദേശി ലാവണ്യ പറഞ്ഞു. രക്ഷപെട്ടത് തലനാരിഴക്കക്കെന്നും ലാവണ്യ ഞെട്ടലോടെ ഓർക്കുന്നു. വാലി കയറിക്കൊണ്ടിരിക്കുമ്പോൾ അവിടെയുള്ള ഹോഴ്‌സ് റൈഡേഴ്‌സും വണ്ടികളുമൊക്കെ തിരിച്ചു വരുന്നുണ്ടായിരുന്നു. പത്തിരുന്നൂറ് കുതിരകൾ വേഗത്തിൽ താഴേക്ക് വരികയായിരുന്നു. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ ഭാഷ ഞങ്ങൾക്ക് മനസിലായില്ല. ഇന്നലെ മരിച്ച മഞ്ജുനാഥിന്റെ ഭാര്യ കരഞ്ഞുകൊണ്ട് പോകുന്നതും കണ്ടു. എന്തോ പറ്റിയിട്ടുണ്ടെന്ന് അതോടെ തോന്നി.പിന്നീടാണ് കാര്യങ്ങൾ അറിഞ്ഞത്.
ആക്രമണത്തിന്റെ വാർത്ത അറിഞ്ഞതുമുതൽ കുടുംബം ഭീതിയിലാണ്. യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് തിരൂർ സ്വദേശ് അബു താഹിർ പറയുന്നു. മനസിലാകെ പേടിയാണ്. ആ സമയത്ത് പഹൽഗാമിൽ തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.