പഹൽഗാം ഭീകരാക്രമണം.. ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകൾ പൊളിക്കുന്നത് നിർത്തിവെച്ചു…തീരുമാനത്തിന് കാരണം…

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകൾ പൊളിക്കുന്നത് നിർത്തിവച്ചു.പ്രതിഷേധം ഉയർന്നതോടെയാണ് നടപടികള്‍ നിർത്തിവെച്ചത്.ഇന്നലെ ആരുടെയും വീടുകൾ സ്ഫോടനത്തിലൂടെ തകർത്തില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍, ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നവർക്കെതിരായ നടപടികൾ ശക്തമായി തുടരമെന്നും അധികൃതര്‍ വ്യക്തമാക്കി.ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ പൊലീസിന്റെ റെയ്ഡുകൾ ഉൾപ്പടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഭീകരാക്രമണം നടന്നതിന് പിന്നാലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ ജില്ലാഭരണകൂടം പൊളിച്ചിരുന്നു. ഇതിനെതിരെ നാഷണല്‍കോണ്‍ഗ്രസ്,പിഡിപി,സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ആളുകളുടെ വീടുകളാണ് പൊളിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്നിരുന്ന വിമർശനം.

എട്ട് വീടുകൾ ജില്ലാഭരണകൂടവും സൈന്യവും തകർത്തതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളും തകർത്തു. കുപ് വാരയിൽ കഴിഞ്ഞ ദിവസം സ്ഫോടനത്തിലാണ് വീട് തകർത്തത്. ഇതിന്റ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഫോടനങ്ങളിൽ സമീപത്തുള്ള വീടുകളും പൂർണമായും തകരുന്നുണ്ട്. മുറാലിൽ ഇത് പ്രദേശത്ത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഭീകരര്‍ക്കെതിരായ നടപടികള്‍ നിരപരാധികളെ ബാധിക്കരുതെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കഴിഞ്ഞദിവസം എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഭീകരതക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിര്‍ത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുല്ല പറ‍‍ഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ എക്‌സിൽ കുറിച്ചു.

തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണക്കാരുടെ വീടുകൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും എക്സില്‍‌ കുറിച്ചിരുന്നു.

അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊർജ്ജതമാക്കി. വനമേഖലയിൽ ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സംയുക്ത സേനയുടെ അന്വേഷണം തുടരുകയാണ്.

തെക്കൻ കശ്മീരിലെ ത്രാൽ, കൊക്കെർനാഗ് വന മേഖലകളിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ സംയുക്ത സേനയുടെ തിരച്ചിൽ തുടരുകയാണ്. അതിനിടെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുന്നത് തുടരുകയാണ്. പാകിസ്താന്‍റെ ഭാഗത്തുനിന്നും സൈനിക നീക്കങ്ങൾ ഉണ്ടായാൽ ഉടൻ തിരിച്ചടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പഹൽഗാം ആക്രമണം കഴിഞ്ഞ് ഏഴു ദിവസം പിന്നിട്ടിട്ടും ഭീകരർ എവിടെയാണെന്നുള്ളതിൽ സ്ഥിരീകരണം വന്നിട്ടില്ല. അതിനിടെ ബൈസരൻ വാലിയിൽ നിന്നും 70 കിലോമീറ്റർ അകലെ ഭീകരർ ഉണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.

Related Articles

Back to top button