പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, 250 പേർ കസ്റ്റഡിയിൽ..
കശ്മീരിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു. ഇന്നലെയാണ് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഇവർ നാലുപേരും കൊല്ലപ്പെട്ടത്.
അതേസമയം, പഹൽ ഗാം ഭീകരാക്രമണത്തിൽ 250 പേർ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. തെക്കൻ കശ്മീർ മേഖലയിൽ ഉള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ കേസിൽ ഉൾപെട്ട 1500 പേരെ ഇതിനോടകം ചോദ്യം ചെയ്തെന്നാണ് വിവരം. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി നൽകണം എന്നാവശ്യപ്പെട്ട് കശ്മീർ ജനതയും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. ഭീകരർക്ക് സഹായം നൽകിയവരേയും തേടി ചെന്ന് തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവർക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു