‘ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ ചൊല്ലി, അയാള്‍ എന്നെ വെറുതെ വിട്ടു’.. നടുക്കുന്ന അനുഭവം പറഞ്ഞ് പ്രൊഫസര്‍…
കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല. മരണത്തിന്റെ മുള്‍മുനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണെങ്കില്‍ ആ നിമിഷത്തെ ഭയത്തോടെയാണ് ഓർക്കുന്നത് .അസം സര്‍വകലാശാലയിലെ ബംഗാളി വിഭാഗം മേധാവി ദേബാബിഷ് ഭട്ടാചാര്യയ്ക്കും കുടുംബത്തിനും പറയാനുള്ളതും അത്തരം ഭയപ്പെടുത്തുന്ന അനുഭവമാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിയതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നാണ് പ്രൊഫസര്‍ പറയുന്നത്.
ഭാര്യയ്ക്കും മകനുമൊപ്പമാണ് പ്രൊഫസര്‍ ദേബാബിഷ് ഭട്ടാചാര്യ അവധിക്കാല യാത്രയ്ക്കായി കശ്മീരിലേയ്ക്ക് പോകുന്നത്. ഭട്ടാചാര്യ ആ നിമിഷം ഇങ്ങനെ ഓര്‍ത്തെടുക്കുന്നു, ”ബൈസാരനിലെ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്രയുടെ എല്ലാ സന്തോഷത്തിലും ഇരിക്കുമ്പോഴാണ് പെട്ടെന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. ഒരു മരത്തിനടിയിലേയ്ക്ക് ഉടന്‍ തന്നെ കിടന്നു. ആളുകള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുന്നത് കേട്ടു. ഞാനും അത് തന്നെ ചൊല്ലി. ഒരാള്‍ കിടക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിന്നപ്പോഴേയ്ക്കും അയാളെ വെടിവെച്ചിട്ടു. ആ രക്തം എന്റെ ദേഹത്തേയ്ക്ക് തെറിച്ച് വീണു. തോക്കുധാരിയായ ഒരാള്‍ എന്റെ അടുത്തേയ്ക്ക് വന്ന് എന്താണ് പിറുപിറുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന് പറഞ്ഞു. അതുകൊണ്ട് മാത്രമാണ് അയാള്‍ എന്നെ വെറുതെ വിട്ടത്.”
”കുടുംബത്തോടൊപ്പം ഉടന്‍ തന്നെ അവിടെ നിന്നും നടന്നു. രണ്ട് മണിക്കൂര്‍ നടന്ന് ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു കശ്മീരി സ്ത്രീയെ കണ്ടു. അവരാണ് പഹല്‍ഗാമിലേയ്ക്കുള്ള വഴി കാണിച്ചു തന്നത്. രണ്ട് കുതിര സവാരിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞതോടെ പഹല്‍ഗാമിലെത്താന്‍ കഴിഞ്ഞു. കുന്നിന്‍ മുകളിലൂടെ ഓടിപ്പോകുമ്പോള്‍ 30 മിനിറ്റ് നേരത്തേയ്ക്ക് വെടിയൊച്ച കേട്ടിരുന്നു”, ആക്രമണകാരികളായ മൂന്ന് പേരെ കണ്ടിരുന്നുവെന്നും 15 തവണ വെടിയുതിര്‍ക്കുന്നത് കേട്ടുവെന്നും അധ്യാപകന്‍ പറയുന്നു..