തുരങ്കം അടച്ചു, രക്ഷപ്പെടാമെന്ന വ്യാമോഹം തകർത്തു.. പഹൽഗാമിലെ ഭീകരരെ സൈന്യം വധിച്ചതിങ്ങനെ..
പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാനായില്ല. ആക്രമണം ഉണ്ടായെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രി അമിത് ഷായ വിവരം അറിയിച്ച ഉടനെ തന്നെ അദ്ദേഹം ഭീകരർ രാജ്യംവിട്ടുപോകരുതെന്ന നിർദ്ദേശമാണ് സുരക്ഷാസേനയ്ക്ക് നല്‍കിയത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് ഭീകരരെ സുരക്ഷാസേന അക്ഷരാര്‍ഥത്തില്‍ തടയുകയായിരുന്നു.
ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനുള്ള അവസരം നല്‍കരുതെന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ആഭ്യന്തരവകുപ്പും ഉറപ്പിച്ചിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കശ്മീരിലേക്ക് തിരിയ്ക്കുന്നതിനുമുന്‍പ് തന്നെ ഭീകരര്‍ ഒരുതരത്തിലും പാകിസ്താനിലേക്ക് മടങ്ങരുതെന്ന നിര്‍ദേശം അമിത് ഷാ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ആക്രമണത്തിനുശേഷം ഭീകരര്‍ നീങ്ങാനിടയുള്ള എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പാത അടയ്ക്കുകയാണ് സേന ആദ്യം ചെയ്തത്. പിന്നാലെ നടത്തിയ തിരച്ചിലിലൂടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി ഭീകരര്‍ ഉപയോഗിച്ച തുരങ്കങ്ങള്‍ സുരക്ഷാസേന കണ്ടെത്തുകയും അവ മൂടുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികള്‍ ഭീകരരുടെ സഞ്ചാരത്തെ നിയന്ത്രിക്കുകയും രക്ഷപ്പെടാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. ഭീകരരെ ഏറ്റവും ചെറിയ പരിധിക്കുള്ളില്‍ തളച്ചിട്ട് സമ്മര്‍ദത്തിലാക്കുകയും ചെറുത്തുനില്‍ക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തതിലൂടെ രക്ഷപ്പെടാമെന്നുള്ള ഭീകരരുടെ വ്യാമോഹത്തെ നശിപ്പിച്ചു.
ഇതിലൂടെ കുറഞ്ഞ സമയപരിധിയ്ക്കുള്ളില്‍തന്നെ ഭീകരരെ കണ്ടെത്താനും വധിക്കാനും സുരക്ഷാസേനയ്ക്ക് സാധിച്ചു. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ അവസാനമായി ഉപയോഗിച്ചത് വിനോദസഞ്ചാരികള്‍ക്ക് നേര്‍ക്കായിരുന്നുവെന്നും പരിശോധനകള്‍ വ്യക്തമാക്കിയിരുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ സുരക്ഷാസേന വധിച്ചത് ഓപ്പറേഷന്‍ മഹാദേവ് എന്ന ദൗത്യത്തില്‍ സുലൈമാന്‍ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ജൂലായ് ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു.