‘അന്‍വര്‍ യൂദാസ്…ഇടതുമുന്നണിയെ ഒറ്റുകൊടുത്തു…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ പി വി അന്‍വര്‍ യുഡിഎഫിനു വേണ്ടി ഇടതുമുന്നണിയെ ഒറ്റുകൊടുത്തു. ആ നിലപാടാണ് പരസ്യമായി പുറത്തു വന്നത്. ഡിഎംകെയുടേയോ, തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ പേര് ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി അന്‍വറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. എം വി ഗോവിന്ദൻ പറഞ്ഞു.
ഇക്കാര്യം സിപിഎം നേരത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ ചൂണ്ടിക്കാട്ടിയതാണ്. അവിടെത്തന്നെയാണ് കാര്യങ്ങള്‍ എത്തിയത്. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ്, ഒറ്റുകൊടുക്കുന്ന നിലയാണ്, യൂദാസിന്റെ രൂപമാണ് യഥാര്‍ത്ഥത്തില്‍ പി വി അന്‍വറിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ തെറ്റായ എല്ലാ സമീപനങ്ങളെയും ചെറുത്തുകൊണ്ട് ഇടതുമുന്നണി വലിയ കുതിപ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും, വലിയ വിജയത്തോടെ എല്‍ഡിഎഫിന് മുന്നേറാന്‍ കഴിയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.