തൂവാനത്തുമ്പികളുടെ നിര്‍മാതാവ്; പി സ്റ്റാന്‍ലി അന്തരിച്ചു
ആദ്യകാല സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ടുകാലം മദ്രാസില്‍ സിനിമാരംഗത്ത് എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
വെളുത്ത ക്രതീന എണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപതോളം സിനിമകളുടെ സഹസംവിധായകനായി. തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ തീക്കളി ഉള്‍പ്പെടെ നിരവധി സിനിമകളുടെ നിര്‍മ്മാതാവായി. രാജന്‍ പറഞ്ഞ കഥ, തോല്‍ക്കാന്‍ എനിക്കു മനസ്സില്ല. വയനാടന്‍ തമ്പാന്‍ തുടങ്ങിയ സിനിമകളുടെ വിതരണക്കാരായി.
കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴസ് ആരംഭിച്ചു. 1966 മുതല്‍ മദ്രാസിലേക്കുപോയി. 1990ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കി. ‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു.
കനല്‍വഴിയിലെ നിഴലുകള്‍, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികള്‍, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിടത്താരു കാമുകി എന്ന കഥാസമാഹാരവും വാസ്തു സമീക്ഷ എന്ന ശാസ്ത്ര പുസ്തകവും ഓര്‍മ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകള്‍ എന്നീ ഓര്‍മ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.