മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തിൽ പിന്തുണയുമായി സരിൻ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിൻ. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യൽ എക്‌സ് ഹാൻഡിലിൽ ഒഫീഷ്യൽ ലെറ്റർ ഹെഡിൽ അഭിസംബോധന ചെയ്ത് എഴുതിയ വരികൾക്ക് ഇങ്ങനെ മറുപടി പറഞ്ഞാൽ പോരാ എന്നാണ് സരിൻ പറഞ്ഞത്. തന്റെ ഫെയ്‌സ്ബുക്കിലാണ് സരിൻ രേവന്ത് റെഡ്ഡിയുടെ ലെറ്റർ ഹെഡ് ഉൾപ്പെടെ ഷെയർ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.
‘നീ പോ മോനേ വിജയൻ’ എന്നാണ് ലെറ്ററിൽ ഉണ്ടായിരുന്നത്. കണ്ണൂർ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2026 മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ വാക്പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമർശം.



