മുസ്‌ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഐഎം സഹയാത്രികൻ പി സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്നായിരുന്നു സരിന്റെ പ്രസ്താവന. ലീഗിന് കൊടുക്കുന്ന ഓരോവോട്ടും ആർഎസ്എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും സരിൻ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രസംഗിക്കവെയാണ് സരിന്റെ വിവാദ പരാമർശം.
മതത്തിന്റെ പേരിൽ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ ബിജെപിക്കാർ ഹിന്ദു സമം ബിജെപിയെന്ന് ആക്കി മാറ്റി. ബിജെപിയെ അവരുടെ വഴിക്ക് വളരാൻ ലീഗ് വഴിവെട്ടികൊടുക്കുകയാണെന്നും സരിൻ ആരോപിച്ചു.
മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്‌കൊണ്ട് ലീഗ് ചൊൽപ്പടിക്ക് നിർത്തുന്നു. കേരളത്തിൽ മുസ്ലീം ലീഗ് യുഡിഎഫിനൊപ്പമാണ്, ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും സരിൻ പറഞ്ഞു. തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്ഡിപിഐ , ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും സരിൻ പറഞ്ഞു.