ആഭ്യന്തര വകുപ്പിനും രാജീവിനും സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം….കുട്ടനാട് ഏറ്റെടുക്കാനും ആവശ്യം…..

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനം. മന്ത്രി പി രാജീവിനും അഭ്യന്തരവകുപ്പിനും എതിരെയും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെയും പി രാജീവിൻ്റെയും സാന്നിധ്യത്തിലായിരുന്നു വിമർശനം. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു വിമർശനം.

കരാറുകാരിൽ നിന്നും എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയ‍ർന്നു. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉയർന്നു. സിപിഐഎം സീറ്റ് ഏറ്റെടുത്താൽ കുട്ടനാട്ടിലെ സമുദായ പിന്തുണ അടക്കം ലഭിക്കുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയ‍ർന്നു. എൻസിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാർട്ടിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. സിപിഐഎമ്മിൻ്റെ തണലിലാണ് സിപിഐ നിലനിൽക്കുന്നത്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുത്തുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

പൊലീസ് നയത്തിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. പൊലീസ് സഹായം സാധാരണക്കാരന് ലഭിക്കുന്നില്ല. ഒരു വിഭാഗം പൊലീസ് ആർഎസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉയ‍‌ർന്നുവന്ന വിമർ‌ശനം.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. കയർ മേഖല പൂർണ്ണമായി നശിച്ചുവെന്നും കയർ മേഖലയെ സംരക്ഷിക്കാൻ വകുപ്പ് മന്ത്രി എന്താണ് ചെയ്തതെന്നും ചേർ‌ത്തല ഏരിയാ കമ്മിറ്റിയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ കയർ മേഖലയിൽ നിന്നായിരുന്നു. കയർ തൊഴിലാളികളോട് പാർട്ടി എന്ത് വിശദീകരണം നൽകണമെന്നും ചോദ്യം ഉയ‌ർന്നു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

Related Articles

Back to top button