നവീന്റെ മരണത്തില്‍ ദുഃഖമുണ്ട്..കുടുംബം ആഗ്രഹിക്കുന്നത് പോലെ കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് പി പി ദിവ്യ…
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തിറങ്ങി. നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി പി ദിവ്യ.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതുപ്രവര്‍ത്തന രംഗത്ത് തന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. 14 വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്നിട്ടുണ്ട്. വ്യത്യസത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുമായി താന്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരുമായി നല്ല രീതിയില്‍ സഹകരിച്ചുപോകുന്ന ഒരാളാണ് താന്‍. സദുദ്ദേശപരമായാണ് എപ്പോഴും സംസാരിക്കാറെന്ന് ദിവ്യ ആവര്‍ത്തിച്ചു.