സി സദാനന്ദന്‍ വധശ്രമ കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ
ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍ വധശ്രമ കേസിൽ ജയിലില്‍ കഴിയുന്ന സിപിഎമ്മുകാരെ കണ്ട് സിപിഎം നേതാവ് പി ജയരാജൻ. അവര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജൻ, അസുഖമുള്ളവര്‍ക്ക് വേണ്ട ചികില്‍സ ഒരുക്കിയിട്ടുണ്ട്. ഇനി വീടുകളില്‍ പോയി അവരുടെ കുടുംബങ്ങളെ കാണുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു
1994 ജനുവരി 25-നാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് വെച്ച് ഇപ്പോഴത്തെ രാജ്യസഭാ എംപിയായ സി. സദാനന്ദന്‍റെ കാൽ വെട്ടിയത്. ഈ കേസിൽ സിപിഎം പ്രവർത്തകരായ എട്ട് പേർക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധി പിന്നീട് ഹൈക്കോടതി ശരിവെക്കുകയും പിഴത്തുക 50,000 രൂപയായി ഉയർത്തുകയും ചെയ്തു. പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീൽ തള്ളിയതോടെ 30 വർഷങ്ങൾക്ക് ശേഷം പ്രതികൾ കഴിഞ്ഞ ദിവസമാണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
പ്രതികൾ ജയിലിലേക്ക് പോകുന്നതിന് മുൻപ് സിപിഎം നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മുൻ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവർ ഈ യാത്രയയപ്പിൽ പങ്കെടുത്തിരുന്നു. അതേസമയം, കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അടക്കമുള്ളവർ ആവർത്തിച്ച് രംഗത്തെത്തി.